യുട്യൂബ് ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന നാലു ക്രോം എക്സ്റ്റന്‍ഷനുകള്‍


ലോകത്തിലെ ഏറ്റവും ജനപ്രിയ വിഡിയോ വെബ്സൈറ്റ് ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ - യുട്യൂബ്. സൗജന്യമായി ഏറ്റവും വേഗതയോടെ, എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഓൺലൈൻ സേവനമാണ് യുട്യൂബ്. യുട്യൂബിനെ കൂടുതല്‍ മികച്ച അനുഭവമാക്കി മാറ്റാന്‍ സാധിക്കുന്ന ക്രോം എക്സ്റ്റന്‍ഷനുകള്‍ ക്രോം വെബ്‌സ്റ്റോറില്‍ ലഭ്യമാണ്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ചിലത് പരിചയപ്പെടാം.
1. യുട്യൂബ് മാജിക് ആക്‌ഷൻസ്
ഉപയോഗപ്രദമായ നിരവധി ഫീച്ചറുകള്‍ അടങ്ങിയ എക്സ്റ്റന്‍ഷന്‍ ആണിത്. മൗസിന്റെ സ്‌ക്രോള്‍ വീല്‍ വച്ച് ശബ്ദം ക്രമീകരിക്കാം. വിഡിയോ എപ്പോഴും വൈഡ് സ്‌ക്രീനില്‍ കാണുന്ന രീതിയില്‍ ക്രമീകരിച്ചു വയ്ക്കാം. വിഡിയോകള്‍ താനേ റീപ്ലേ ചെയ്യാം. ഓട്ടോ പ്ലേ വേണ്ടെങ്കില്‍ അതും മാറ്റി ക്രമീകരിക്കാം. ഇതുകൂടാതെ വിഡിയോകള്‍ വേണമെങ്കില്‍ 'സിനിമാ മോഡി'ല്‍ കാണാം. വിഡിയോകളില്‍ സാധാരണ കാണുന്ന തരം എഴുത്തുകള്‍ ഒഴിവാക്കാം. ഇവയെല്ലാം ക്രമീകരിക്കാനുള്ള ഓപ്ഷനുകള്‍ വിഡിയോ സ്‌ക്രീനുകളില്‍ തന്നെ കാണാം. മൗസ് ഉപയോഗിച്ച് വിഡിയോ തംബ്‌നെയിലുകള്‍ വലുതാക്കി കാണാം. സ്‌ക്രീന്‍ഷോട്ട് ഓപ്ഷനും ഉണ്ട്.
2. ടേൺ ഓഫ് ദി ലൈറ്റ്സ്
സിനിമാമോഡിലാണ് പ്ലെയര്‍ ഇടുന്നതെങ്കില്‍ വലിയ സ്‌ക്രീനില്‍ വിഡിയോ കാണാം. പക്ഷേ തെളിച്ചം കൂടുന്നത് കാരണം രാത്രി കിടന്നുകൊണ്ടൊക്കെ സിനിമയും മറ്റും കാണുന്നവര്‍ക്ക് അത്ര സുഖകരമാവണമെന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ എക്സ്റ്റന്‍ഷന്‍ ലഭ്യമാണ്. വളരെ ലളിതമായാണ് ഇവയുടെ പ്രവര്‍ത്തനം. വലിയ സ്‌ക്രീനില്‍ സിനിമ കാണുമ്പോള്‍ സിനിമയല്ലാതെ ബാക്കിയുള്ള സ്ഥലത്ത് തെളിച്ചം കുറയ്ക്കുകയാണ് ഇത് ചെയ്യുക. അപ്പോള്‍ വിഡിയോയ്ക്ക് സ്വാഭാവികമായും കൂടുതല്‍ പ്രാധാന്യം കിട്ടും. ഈ ഭാഗത്ത് എങ്ങനെ ക്രമീകരിക്കണം എന്ന് നമുക്ക് തീരുമാനിക്കാനുള്ള സൗകര്യവുമുണ്ട്. കണ്ണിനധികം ആയാസം കൊടുക്കാതെ രാത്രിയില്‍ വിഡിയോ കാണാനുള്ള മോഡ് ആണിത്.
3. യുട്യൂബ് ആഡ്ബ്ലോക്ക്
പേര് പോലെത്തന്നെ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള മോഡ് ആണിത്. യുട്യൂബില്‍ അനാവശ്യമായി കയറിവരുന്ന പരസ്യങ്ങള്‍ ഇതോടെ നിര്‍ത്താം. ലോകമെങ്ങുമുള്ള ഉപഭോക്താക്കളുടെ അഭിപ്രായമനുസരിച്ച് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതും വളരെയധികം ഉപകാരപ്രദവുമായ ഫീച്ചര്‍ ആണിത്.
4. ഓഡിയോ മാത്രം കേൾക്കാൻ
യുട്യൂബ് ഉപഭോക്താക്കള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന മറ്റൊരു ഫീച്ചറാണിത്. മുന്‍പ് ഓഡിയോ മാത്രം പ്ലേ ചെയ്യാനായി Streamus എന്ന ഒരു ക്രോം എക്സ്റ്റന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് നിര്‍ത്തി. ഈ ക്രോം എക്സ്റ്റന്‍ഷനിലാകട്ടെ യുട്യൂബില്‍ വിഡിയോ കാണിക്കാതെ ഓഡിയോ മാത്രം പ്ലേ ചെയ്യിക്കാനുള്ള സൗകര്യമുണ്ട്. വിഡിയോ ഇല്ലാത്തതിനാല്‍ ഉപയോഗിക്കുന്ന ഡേറ്റയുടെ അളവ് കുറയ്ക്കാനും ഇത് ഉപകരിക്കും. ആദ്യം വേണ്ട പാട്ടുകളുടെ പ്ലേലിസ്റ്റ് ഉണ്ടാക്കി വച്ച ശേഷം എക്സ്റ്റന്‍ഷന്‍ ഉപയോഗിക്കുകയായിരിക്കും നല്ലത്.

Comments

Popular posts from this blog

അക്ഷയയിൽ പോവാതെ സർക്കാർ ഓൺലൈൻ സേവനങ്ങൾ ചെയ്യാമോ?

ജിമെയില്‍ വഴി 10 ജിബി വരെ വലിപ്പമുള്ള ഫയലുകള്‍ എങ്ങനെ അറ്റാച്ച് ചെയ്ത്‌ അയക്കാം?

മൊബൈല്‍ ഫോണ്‍ നഷ്ടപെട്ടാല്‍ തീര്‍ച്ചയായും ചെയ്യേണ്ട കാര്യങ്ങള്‍